അന്വേഷിക്കില്ലെന്ന് സി.ബി.ഐ

ദില്ലി : കർണാടകയിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡി.കെ.രവിയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ. അന്വേഷണത്തിന് സർക്കാർ മുന്നോട്ട് വച്ച വ്യവസ്ഥകൾ സ്വീകാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐയുടെ നടപടി. മാർച്ച് 17നാണ് ബംഗളൂരുവിലെ ഔദ്യോഗിക വസതിയിൽ രവിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മണൽ മാഫിയയിൽ നിന്നു രവിക്ക് ഭീഷണി ഉണ്ടായിരുന്നെന്ന് നേരത്ത വാർത്തകൾ വന്നിരുന്നു.അന്വേഷണം മൂന്ന് മാസത്തിനുള്ളിൽ തീർക്കണമെന്നാണ് കർണാടക സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, അന്വേഷണം നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് നിഷ്കർഷിക്കുന്ന നിയമങ്ങൾ സി.ബി.ഐയ്ക്കില്ല. അതിനാൽ തന്നെ അപ്രായോഗികമായ വ്യവസ്ഥയാണത്. കേസ് സി.ബി.ഐ ഏറ്റെടുക്കുന്നതിന് മുന്പ് സി.ബി.ഐ അന്വേഷിക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിന് അയച്ച കത്തിൽ സി.ബി.ഐ വ്യക്തമാക്കി. ഇക്കാരണങ്ങൾ കൊണ്ടു തന്നെ നടപടി ക്രമങ്ങൾ പാലിച്ച് വിജ്ഞാപനം പുറത്തിറക്കാൻ കർണാടക സർക്കാരിനോട് നിർദ്ദേശിക്കണമെന്നും സി.ബി.ഐ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. രവിയുടെ മരണം ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് കർണാടക സർക്കാർ മാർച്ച് 23ന് സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്. ആദ്യം വിമുഖത കാണിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സർക്കാർ സി.ബി.​ഐ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
( രാജി രാമന്‍കുട്ടി )

Add a Comment

Your email address will not be published. Required fields are marked *