അന്യരാജ്യങ്ങള്‍ക്കും പ്രതിരോധമെഖലയില് പരിശീലനം നല്‍കും:പരീക്കര്‍
ഭുവനേശ്വർ: പ്രതിരോധ സാമഗ്രികൾ കയറ്റുമതി ചെയ്യാനും വിവിധ രാജ്യങ്ങൾക്ക് പ്രതിരോധ മേഖലയിൽ പരിശീലനം നൽകാനും ആലോചിക്കുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ. 38ഓളം രാജ്യങ്ങൾ ഇന്ത്യയിലേക്ക് പ്രതിരോധ സേനാ സംഘത്തെ പരിശീലനത്തിന് അയക്കും. ഈ രാജ്യങ്ങൾക്ക് കയറ്റുമതിയുടെ അടിസ്ഥാനത്തിലോ വായ്പയായോ ആയുധങ്ങൾ നൽകുമെന്നും ഭുവനേശ്വറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
സുരക്ഷാകാരണങ്ങളാൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പേര് വെളിപ്പെടുത്തുന്നില്ല. മറ്റു രാജ്യങ്ങൾക്കിടയിൽ മേൽക്കോയ്മ നേടാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാൽ, സൗഹൃദത്തിലൂടെയും സഹകരണത്തിലൂടെയും ശക്തി വർദ്ധിപ്പിക്കുവാൻ ശ്രമിക്കും. ഇന്ത്യയുടെ നേതൃത്വത്തിൽ വിശാഖപട്ടണത്ത് അന്താരാഷ്ട്ര പങ്കാളിത്തത്തോടെ നാവികപരിശീലനം സംഘടിപ്പിക്കും.
300-400 നോട്ടിക്കൽ മൈലിനുള്ളിൽ 40ഓളം ഇന്ത്യൻ കപ്പലുകൾ നിയോഗിക്കുന്നതോടെ ബ്ലൂ നേവി എന്ന ആശയം പ്രായോഗികമാവും.
ഒഡിഷ സർക്കാർ മുന്നോട്ടു വച്ച കലിംഗാ റെജിമെന്റ് പ്രായോഗികമല്ല. ജാതിയുടെയും വർഗത്തിന്റെയോ അടിസ്ഥാനത്തിൽ റെജിമെന്റ് സാദ്ധ്യമല്ല. പകരം സൈനികവിഭാഗത്തിൽ ഈ മേഖലയിൽ നിന്ന് കൂടുതലായി തൊഴിലവസരം സൃഷ്ടിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.