അന്നഹസാരെക്ക് എതിരെ ബിജെപി പോസ്റ്റര്‍ ; വിമര്‍ശനവുമായി കേജരിവാള്‍ രംഗത്ത്

ദില്ലി  ; ദില്ലിയില്‍ നിയമസഭ തെരഞ്ഞെടുപ്പു അവസാന ഘട്ടത്തിലേക് കടക്കുമ്പോള്‍ ഗാന്ധിയനും അഴിമതി വിരുദ്ധ പോരാളിയുമായ അണ്ണാ ഹസാരെ മരിച്ചതായി ചിത്രീകരിച്ചു കൊണ്ട് ബി.ജെ.പി പരസ്യം ഇറക്കിയത് വിവാദമായി. ബി.ജെ.പിയുടെ നടപടിക്കെതിരെ ആം ആദ്മി പാർട്ടി രൂക്ഷവിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്. ആം ആദ്മി കൺവീനറും പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ അരവിന്ദ് കേജ്‌രിവാളും കോൺഗ്രസും തമ്മിലുള്ള കൂട്ടുകെട്ടാണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. പോസ്റ്ററിന് പിന്നിലെ ചുവരിൽ അന്നാ ഹസാരെയുടെ ചിത്രം മാലയിട്ട് തൂക്കിയിട്ടുണ്ട്. ഇതാണ് വിവാദമായത്.

അണ്ണാ ഹസാരയെ മോശമായി ചിത്രീകരിച്ച ബി.ജെ.പി മാപ്പു പറയണമെന്ന് കേജ്‌രിവാൾ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. 1948ൽ ഇതേ ദിവസമാണ് ഗാന്ധിജിയെ ഗോഡ്സെ കൊലപ്പെടുത്തിയത്. ഇപ്പോഴിതാ ബി.ജെ.പി അണ്ണാ ഹസാരെയെ കൊന്നിരിക്കുന്നു- കേജ്‌രിവാൾ ട്വീറ്റ് ചെയ്തു. ജീവിച്ചിരിക്കുന്ന ആളെ കൊന്ന ബി.ജെ.പി മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള തീരുമാനത്തെ തുടർന്നാണ് അരവിന്ദ് കേജ്‌രിവാളുമായി അണ്ണാ ഹസാരെ പിരിഞ്ഞത്. തുടർന്ന്, തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ തന്റെ പേരോ ചിത്രമോ ഉപയോഗിക്കരുതെന്ന് എ.എ.പിയോട് ഹസാരെ കർശനമായി നിർദ്ദേശിച്ചിരുന്നു. ഫെബ്രുവരി ഏഴിനാണ് വോട്ടെടുപ്പ്.

Add a Comment

Your email address will not be published. Required fields are marked *