അനില്‍ ഗോസ്വാമി പുറത്ത്

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമിയെ സര്‍ക്കാര്‍ പുറത്താക്കി. ശാരദ ചിട്ടിതട്ടിപ്പുകേസില്‍ സി.ബി.ഐ. അറസ്റ്റുചെയ്ത മുന്‍ കേന്ദ്ര സഹമന്ത്രി മാതങ് സിങ്ങിന്റെ അറസ്റ്റ് തടയാന്‍ ഗോസ്വാമി ശ്രമിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിനായി സി.ബി.ഐ. ഉദ്യോഗസ്ഥനെ വിളിച്ച് സമ്മര്‍ദം ചെലുത്തിയെന്നും ആക്ഷേപമുണ്ടായി. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.ഗോസ്വാമിയെ നീക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കൈക്കൊണ്ടത്.

അനില്‍ ഗോസ്വാമിയെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ഉത്തരവ് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.ദിവസം മുഴുവന്‍ നീണ്ടുനിന്ന നാടകീയ നീക്കങ്ങള്‍ക്ക് ശേഷമാണ് ഗോസ്വാമിയെ ഒഴിവാക്കാന്‍ തീരുമാനമായത്. ബുധനാഴ്ച രാവിലെത്തന്നെ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് അദ്ദേഹത്തെ വിളിച്ചുവരുത്തി വിശദീകരണം തേടി. പിന്നാലെ സി.ബി.ഐ. ഡയറക്ടര്‍ അനില്‍ സിന്‍ഹയെയും ആഭ്യന്തരമന്ത്രി വിളിച്ചുവരുത്തി. തുടര്‍ന്ന് ആഭ്യന്തരമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.1977 ബാച്ചില്‍പ്പെട്ട ജമ്മുകശ്മീര്‍ കേഡര്‍ ഐ. എ.എസ്. ഉദ്യോഗസ്ഥനാണ് അനില്‍ ഗോസ്വാമി.

യു.പി.എ. സര്‍ക്കാറിന്റെ കാലത്ത് 2013 ജൂലായ് ഒന്നിനാണ് അദ്ദേഹം ആഭ്യന്തര സെക്രട്ടറിയായി നിയമിതനാവുന്നത്. ഈ പദവിയിലെത്തുന്ന ആദ്യ ജമ്മുകശ്മീരുകാരനാണ് അദ്ദേഹം. ഈ വര്‍ഷം ജൂണ്‍വരെ കാലാവധിയുണ്ടായിരുന്നു.ശാരദ ചിട്ടിതട്ടിപ്പില്‍ അസമിലെ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രആഭ്യന്തര സഹമന്ത്രിയുമായ മാതങ് സിങ്ങിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സി.ബി.ഐ. ഉദ്യോഗസ്ഥനെ വിളിച്ച കാര്യം രാജ്‌നാഥ്‌സിങ്ങിനോട് ഗോസ്വാമി സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര വിദേശകാര്യ സെക്രട്ടറി സ്ഥാനത്തുനിന്ന് സുജാത സിങ്ങിനെ ഈയിടെയാണ് സര്‍ക്കാര്‍ നീക്കംചെയ്തത്. പക്ഷേ, അവര്‍ക്കെതിരെ ആരോപണങ്ങളൊന്നും ഉണ്ടായിരുന്നില്ല.തൊട്ടുപിന്നാലെ കേന്ദ്രത്തിലെ മറ്റൊരു ഉന്നതോദ്യോഗസ്ഥന്‍ ആരോപണവിധേയനായതിനെത്തുടര്‍ന്ന് പുറത്താക്കപ്പെട്ടിരിക്കയാണ്. ഉന്നതപദവി വഹിക്കുന്നവര്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയരുന്നതും തുടര്‍ന്ന് നടപടി നേരിടുന്നതും അപൂര്‍വമാണ്.

Add a Comment

Your email address will not be published. Required fields are marked *