അനധികൃത സ്വത്ത് സമ്പാദനകേസ്: ബാബുവിന്റെ മകളുടെ ബാങ്ക് ലോക്കറില്‍ 117 പവന്‍ സ്വര്‍ണം

കൊച്ചി: കെ.ബാബുവിനെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസുമായി ബന്ധപ്പെട്ട് മകളുടെ ബാങ്ക് ലോക്കര്‍ തുറന്നു പരിശോധിച്ച

വിജിലന്‍സ് സംഘം 117 പവന്‍ സ്വര്‍ണം കണ്ടെത്തി. വെണ്ണലയിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലെ ലോക്കറില്‍ നടത്തിയ പരിശോധനയിലാണ് 117 പവന്‍ സ്വര്‍ണം കണ്ടെത്തിയത്.
ഇനിയും നാലു ലോക്കറുകള്‍ കൂടി പരിശോധിക്കാനുണ്ട്. തമ്മനത്തെ യൂണിയന്‍ ബാങ്ക് ശാഖയിലുള്ള ലോക്കറും പരിശോധിക്കാനുള്ളവയില്‍ ഉള്‍പ്പെടുന്നു. കെ.ബാബുവിന്റെയും ബെനാമികളെന്ന് ആരോപിക്കപ്പെടുന്നവരുടെയും വീടുകളില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മകളുടെ ബാങ്ക് ലോക്കറുകള്‍ പരിശോധിച്ചത്.

അതിനിടെ, ബാബുവിന്റെ ബെനാമിയെന്നു ആരോപിക്കപ്പെടുന്ന ബാബുറാം 27 വസ്തു ഇടപാടുകള്‍ നടത്തിയതായി വിജിലന്‍സ് കണ്ടെത്തി. അഞ്ചുവര്‍ഷത്തിനിടെയാണ് കോടികളുടെ ഇടപാടുകള്‍ നടത്തിയത്!. ബാബുറാമിന് 41 ഇടങ്ങളില്‍ ഭൂമിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച രേഖകള്‍ ബാബുറാമിന്റെ പക്കല്‍നിന്ന് വിജലന്‍സ് പിടിച്ചെടുത്തു.

കെ.ബാബുവിന്റെ പഴ്‌സനല്‍ സ്റ്റാഫ് അംഗമായിരുന്ന നന്ദകുമാറിനെ കൊച്ചി വിജിലന്‍സ് ഓഫിസില്‍ ചോദ്യം ചെയ്തു. തൃപ്പൂണിത്തുറയില്‍ നന്ദകുമാറിന്റെ പേരില്‍ സ്വകാര്യ പണമിടപാട് സ്ഥാപനം നടക്കുന്നുണ്ട്. ഇവിടുത്തെ നിക്ഷേപങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങളും വിജിലന്‍സ് സംഘം പരിശോധിക്കുന്നുണ്ട്.

കെ.ബാബുവിന്റെ ബെനാമിയാണെന്ന വിജിലന്‍സിന്റെ ആരോപണം ബാബുറാം നിഷേധിച്ചിരുന്നു. കെ.ബാബുവിനെ വര്‍ഷങ്ങളായി അറിയാം. പക്ഷേ ബിസിനസ് ബന്ധങ്ങളൊന്നുമില്ല. അത്യാവശ്യഘട്ടങ്ങളില്‍ തന്റെ കാര്‍ ബാബു ഉപയോഗിക്കാറുണ്ട്. വല്ലപ്പോഴും ഫോണില്‍ സംസാരിക്കാറുണ്ടെന്നും ബാബുറാം സമ്മതിച്ചിരുന്നു.
തമിഴ്‌നാട്ടില്‍ ബിനാമി പേരില്‍ ഭൂമി വാങ്ങിയിട്ടുണ്ടെന്ന ആരോപണത്തില്‍ തേനിയില്‍ വിജിലന്‍സ് സംഘം അന്വേഷണം നടത്തുന്നുണ്ട്. ബാബുവിന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന നന്ദകുമാറിനെയും വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. സ്വത്ത് സമ്പാദ്യം നന്ദകുമാറിന്റെ ധനകാര്യ സ്ഥാപനത്തില്‍ എത്തിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി.
നന്ദകുമാറിന്റെ ഭാര്യയുടെ തൃപ്പൂണിത്തുറയിലെ ധനകാര്യ സ്ഥാപനത്തിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. നന്ദകുമാറിനോട് രാഷ്ട്രീയ നേതാക്കളുടെ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വിജിലന്‍സ് ചോദിച്ചറിയുകയും ചെയ്തിരുന്നു. ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന സ്ഥാപനം ഭാര്യ ഏറ്റെടുത്തു നടത്തുകയായിരുന്നെന്നാണ് ഇതിന് നല്‍കിയ മറുപടി.
ബാബുവിനൊപ്പം വിജിലന്‍സ് പ്രതി ചേര്‍ത്ത ബാബുറാമും റോയല്‍ ബേക്കേഴ്‌സ് ഉടമ മോഹനനും നേരത്തേ വിജിലന്‍സിനെതിരേ രംഗത്ത് വന്നിരുന്നു. എന്നാല്‍ കാര്യമായ വരുമാനം ഇല്ലാത്ത ഇവരുടെ പേരില്‍ വന്‍ തുകകള്‍ വന്നതെങ്ങിനെ എന്നാണ് വിജിലന്‍സ് ഉയര്‍ത്തിയ ചോദ്യം.

Add a Comment

Your email address will not be published. Required fields are marked *