അനധികൃത കുടിയേറ്റം
ഗുവാഹത്തി: ബംഗ്ളാദേശില്‍ നിന്നും അസാമിലേക്കുള്ള അനധികൃത കുടിയേറ്റം അവസാനിപ്പിക്കാന്‍, ബി ജെ പി നയിക്കുന്ന സര്‍ക്കാരിനു കഴിയുമെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു . അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അസാമില്‍ ബി ജെ പി യെ സജ്ജമാക്കുന്നതിനായി എട്ടു ദിവസത്തെ പര്യടനത്തിനെത്തിയ ബി ജെ പി അധ്യക്ഷന്‍ ഞായറാഴ്ചയാണ് കുടിയേറ്റ പ്രശ്നങ്ങള്‍ക്ക് അറുതിവരുത്താന്‍ ബി ജെ പിയെ ഭരണത്തിലേറ്റാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തത്. അസാമിലെ ജനങ്ങള്‍ വര്‍ഷങ്ങളായി മാറി മാറി പലരേയും തിരഞ്ഞെടുത്തെങ്കിലും ബംഗ്ളാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റ ഭീഷണി ഒഴിവാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും, ഇതിനായി ഒരവസരം ബി ജെ പിക്ക് നല്‍കണമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ അദ്ദേഹം അഴിമതി രഹിത ഭരണമാണ് മോദിസര്‍ക്കാരിന്റെ മുഖമുദ്രയെന്നും അഭിപ്രായപ്പെട്ടു.
പ്രസംഗത്തിലുടനീളം കോണ്‍ഗ്രസിനെ മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ടാണ് അമിത് ഷാ ആക്രമിച്ചത്,കഴിഞ്ഞ യു പി യെ സര്‍ക്കാറിന്റെ ഓരോ ദിനവും പുതിയ അഴിമതി വാര്‍ത്തകളാല്‍ സമ്പന്നമായിരുന്നെന്നും,നീണ്ട പത്തു വര്‍ഷത്തിനുളളില്‍ ആഹാര സാധനങ്ങള്‍ക്കുള്ള വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിടത്ത് വെറും ഒന്‍പത് മാസം കൊണ്ട് മോദി സര്‍ക്കാര്‍ ജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കേരളത്തിലും മാത്രമായി ചുരുങ്ങിയ കൊണ്ഗ്രെസിനെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വടക്ക് കിഴക്കന്‍ സംസ്ഥാനത്തിലെ അമിത് ഷായുടെ സന്ദര്‍ശനം .