അധ്യാപകന്റെ ആത്മഹത്യ : ജെയിംസ് മാത്യു എം എല്‍ എ അറസ്റ്റില്‍

ശ്രീകണ്ഠപുരം ; പ്രധാനാധ്യാപകൻ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട കേസിലെ രണ്ടാം പ്രതിയായ ജയിംസ് മാത്യു എം.എൽ.എ അറസ്റ്റിൽ. ശ്രീകണ്ഠപുരം പൊലീസാണ് ജയിംസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
എം.എൽ.എ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് നാല് ദിവസത്തിനകം ഹാജരാകാൻ പൊലീസ് ജയിംസിന് നോട്ടീസ് നൽകിയിരുന്നു. മൊഴി നൽകാനായി ഇന്ന് ഉച്ചതിരിഞ്ഞ് ജയിംസ് മാത്യു സ്റ്റേഷനിൽ ഹാജരായിരുന്നു. സി.ഐ മൊഴിയെടുത്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തളിപ്പറന്പ് ടാഗോർ വിദ്യാനികേതൻ സ്കൂളിലെ പ്രധാനാധ്യാപകൻ ശ്രീകണ്ഠപുരം ചുഴലി സ്വദേശിയായ ഇ.പി ശശിധരനെ ഡിസംബർ 15നാണ് കാസർകോട്ടുള്ള ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സഹ അധ്യാപകനായ എം.വി ഷാജി,​ ജയിംസ് മാത്യു എം.എൽ.എ എന്നിവർക്കെതിരായ പരാമർശമുള്ള ആത്മഹത്യാക്കുറിപ്പുകൾ ലോ‌ഡ്ജ് മുറിയിൽ നിന്നും കണ്ടെടുത്തിരുന്നു. സ്കൂൾ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ശശിധരനെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി എന്നതാണ് ജയിംസിന് എതിരെ ചുമത്തിയ കുറ്റം. എന്നാൽ പ്രധാനാധ്യാപകൻ തന്നെപ്പറ്റി സ്കൂൾ യോഗത്തിൽ നടത്തിയ പരാമർശങ്ങളെപ്പറ്റി ചോദിക്കാനാണ് താൻ ഫോൺ വിളിച്ചതെന്നാണ് എം.എൽ.എ പറയുന്നത്.
കഴിഞ്ഞ ദിവസം ഒന്നാം പ്രതിയായ ഷാജി കീഴടങ്ങിയിരുന്നു. ഇയാൾ ഇപ്പോൾ റിമാന്റിലാണ്. ഇരുവർക്കുമെതിരെ പത്ത് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന ആത്മഹത്യാ പ്രേരണാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

Add a Comment

Your email address will not be published. Required fields are marked *