കോട്ടയം: അടിമാലി കൂട്ടക്കൊലക്കേസിൽ ആഭ്യന്തരമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് കൊച്ചി റേഞ്ച് ഐ.ജി എം.ആർ.അജിത്കുമാർ ഇന്ന് അടിമാലിയിലെത്തും. കൊല നടന്ന രാജധാനി ലോഡ്ജ് സന്ദർശിച്ച് ജില്ലാ പൊലീസ് മേധാവിയുമായി ഐ.ജി ചർച്ച നടത്തും. തുടർന്ന് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് റിപ്പോർട്ട് നല്കും.
കൊലപാതകം നടന്നിട്ട് ആഴ്ച രണ്ടായിട്ടും കേസിൽ യാതൊരു തെളിവുകളും കണ്ടെത്താൻ ലോക്കൽ പൊലീസിനായില്ല. ഇതോടെ ജനരോക്ഷം ശക്തമായി. കൊലയാളികളെ കണ്ടെത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അടിമാലി ടൗണിൽ ഇന്നലെ മൗനജാഥയും പൊതുയോഗവും നടത്തിയിരുന്നു. കടകളടച്ചായിരുന്നു ജാഥ നടത്തിയത്.
രാജധാനി ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരൻ കുഞ്ഞുമുഹമ്മദ് (69), ഭാര്യ ഐഷുമ്മ (58), അമ്മ നാച്ചി (85) എന്നിവർ വധിക്കപ്പെട്ടത് കഴിഞ്ഞ 13ന് പുലർച്ചെയായിരുന്നു. ശ്വാസം മുട്ടിച്ചാണ് മൂവരേയും വധിച്ചതെന്ന് പോസ്റ്റുമോർട്ട റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കവർച്ചയാണ് കൊലപാതകത്തിന് കാരണമെന്നും കണ്ടെത്തിയിരുന്നു