അഞ്ച് പ്രതിപക്ഷ എം.എൽ.എമാർക്ക് സസ്പെൻഷൻ;

തിരുവനന്തപുരം ഹിന്ദുസ്ഥാൻ സമാചാർ: ബജറ്റ് ദിനത്തിൽ സഭ തല്ലിതകർത്തതിനു അഞ്ചു പ്രതിപക്ഷ എംഎൽഎ മാർക്ക് സഭാ സമ്മേളനം തീരും വരെ സസ്പെൻഷൻ. സഭാ സമ്മേളനം തീരുന്ന ഏപ്രിൽ 9 വരെ വി.ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. ‌കുഞ്ഞഹമ്മദ് മാസ്റ്റർ, കെ.അജിത് തുടങ്ങിയ പ്രതിപക്ഷ എംഎൽഎ മാർ സഭയിൽ കാണില്ല. പ്രതിപക്ഷ ബഹളത്തിനിടയിലാണ് മുഖ്യമന്ത്രി അവതരിപ്പിച്ച നടപടി പ്രമേയം പാസായത്. പ്രതിപക്ഷവുമായി രണ്ടുവട്ടം സ്പീക്കർ ചർച്ച നടത്തിയിരുന്നു. പക്ഷെ രണ്ടും പരാജയപ്പെട്ടു. രാവിലെ ശൂന്യവേളയിൽ സ്പീക്കർ പ്രത്യേക പ്രസ്താവന നടത്തി. അതിനുശേഷം കക്ഷിനേതാക്കളുമായി ചർച്ച നടത്താൻ നിയമസഭ അൽപ്പനേരം നിർത്തിവച്ചു. തുടർന്ന് രണ്ടുമണിക്കൂറിനുശേഷമാണ് സഭ പുനരാരംഭിച്ചത്.

ഉടൻ തന്നെ മുഖ്യമന്ത്രി സഭയിലെ സംഭവങ്ങളെപ്പറ്റിയുള്ള പ്രമേയം അവതരിപ്പിച്ചു. കേരളത്തിന് നാണക്കേടാണ് 13ന് നടന്ന സംഭവങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധങ്ങൾ അതിരുവിട്ടുവെന്നും മുഖ്യമന്ത്രി പറ‌ഞ്ഞു. സ്പീക്കറുടെ ഡയസിൽ കയറി പ്രതിപക്ഷ എം.എൽ.എമാർ തല്ലിത്തകർത്തിനെയും വിമർശിച്ചു. ഭരണകക്ഷി എം.എൽ.എമാർ സ്പീക്കറുടെ ഡയസിൽ കയറിയിട്ടില്ല. സന്തോഷത്തോടെയല്ല, വേദനയോടെയാണ് നടപടി ആവശ്യപ്പെടുന്നത്. എല്ലാം ലോകം മുഴുവൻ കണ്ട കാര്യങ്ങളാണ്. പ്രതിപക്ഷം തയ്യാറാണെങ്കിൽ ഒരുമിച്ചിരുന്ന് വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കറുടെ ഡയസ്സില്‍ കയറി അതിക്രമം നടത്തിയ ഇ.പി ജയരാജന്‍, വി.ശിവന്‍കുട്ടി, കെ.അജിത്, കെ.കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ.ടി ജലീല്‍ എന്നിവരെ സസ്‌പെന്റു ചെയ്യണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഈ സമ്മേളനകാലം മുഴുവന്‍ സസ്‌പെന്റു ചെയ്യണമെന്നാണ് ആവശ്യം. പ്രമേയത്തിന് സഭ അംഗീകാരം നല്‍കി.

ഇവരോട് സഭയില്‍ നിന്ന് പുറത്തുപോകാന്‍ സ്പീക്കര്‍ എന്‍.ശക്തന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇവര്‍ വഴങ്ങാതെ ബഹളം തുടര്‍ന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ താത്ക്കാലികമായി നിര്‍ത്തിവച്ചു. അച്ചടക്ക നടപടി നേരിട്ട അംഗങ്ങള്‍ പുറത്തുപോയില്ലെങ്കില്‍ അവരെ ബലംപ്രയോഗിച്ച് പുറത്താക്കണമെന്ന് മുഖ്യമന്ത്രിയും ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാത്ത സര്‍ക്കാര്‍ നടപടി ഏകപക്ഷീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. വനിതാ അംഗങ്ങളെ ലൈംഗികമായി അതിക്രമിച്ചവര്‍ക്കെതിരെ പോലും നടപടിയില്ല. കെ.എം മാണി ബജറ്റ് അവതരിപ്പിച്ചതായി കണക്കാക്കില്ല. ബജറ്റ് അവതരണത്തെ കുട്ടിക്കളിയാക്കി. ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും വി.എസ് പറഞ്ഞു. ബഹളത്തെ തുടർന്ന് നടപടികൾ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇനി 23ന് മാത്രമെ സഭ സമ്മേളിക്കുകയുള്ളൂ.

Add a Comment

Your email address will not be published. Required fields are marked *