അഞ്ചാം ലോകകപ്പ് കിരീടം ഓസ്‌ട്രേലിയക്ക്‌

മെൽബൺ: പ്രതീക്ഷിച്ചതുപോലെ ഓസ്‌ട്രേലിയക്ക് ലോകക്രിക്കറ്റ് കിരീടം. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ ദുര്‍ബല സ്കോര്‍ മറികടക്കാന്‍ ഓസീസിന് 33.1 ഓവറും മൂന്നു വിക്കറ്റുമേ ആവശ്യമായി വന്നുള്ളൂ. നേരത്തെ 183 റൺസിന് ന്യൂസിലാന്‍ഡ് ബാറ്റ്സ്മാന്‍മാര്‍ എല്ലാം പുറത്തായിരുന്നു. ഇതോടെ അഞ്ചു തവണ ലോകകപ്പ് ക്രിക്കറ്റ് കിരീടം നെഞ്ചേറ്റാന്‍ ഓസീസിന് കഴിഞ്ഞു. 1987, 1999, 2003, 2007 എന്നീ വർഷങ്ങളിലാണ് ഇതിനു മുന്‍പ് ഓസീസ് കപ്പു നേടിയിട്ടുള്ളത്. അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്ടൻ മൈക്കൽ ക്ളാർക്ക് (74) , സ്റ്റീവൻ സ്‌മിത്ത് (പുറത്താവാതെ 56), ഡേവിഡ് വാർണർ (45) എന്നിവരുടെ ബാറ്റിംഗാണ് ഓസീസിന് വിജയം സമ്മാനിച്ചത്. ജെയിംസ് ഫോക്നറാണ് മാൻ ഒഫ് ദ മാച്ച്. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് 45 ഓവറിൽ 183 റൺസിന് എല്ലാവരും പുറത്തായി. ഗ്രാൻഡ് ഏലിയട്ട് (83), റോസ് ടെയ്‌ലർ (40) എന്നിവർ മാത്രമാണ് ഓസീസ് ബൗളിംഗിനെതിരെ അൽപമെങ്കിലും പിടിച്ചു നിന്നത്. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ മിച്ചേൽ ജോൺസൺ, ജെയിംസ് ഫോക്നർ എന്നിവരാണ് കീവികളെ തകർത്തത്. ന്യൂസിലൻഡിന്റേത് മോശം തുടക്കമായിരുന്നു. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ബ്രണ്ടൻ മക്കല്ലം റണ്ണൊന്നുമെടുക്കാതെ പുറത്തായി. മിച്ചേൽ സ്റ്റാർക്കിന്റെ പന്തിൽ മക്കല്ലം ക്ലീന്‍ ബൌള്‍ഡ് ആയി. രണ്ടാം വിക്കറ്റിൽ 32 റൺസ് ചേർത്ത് മാർട്ടിൻ ഗപ്ടിലും (15) കെയിൻ വില്യംസണും (12) പിടിച്ചു നിൽക്കാൻ ശ്രമിച്ചു. എന്നാൽ പതിനൊന്നാം ഓവറിൽ ഗപ്ടിലിനെ ബൗൾഡാക്കി ഗ്ളെൻ മാക്സ്‌വെൽ ന്യൂസിലൻ‌ഡിന് വീണ്ടും പ്രഹരമേൽപ്പിച്ചു. രണ്ട് വിക്കറ്റ് വീണതിന്റെ ഞെട്ടൽ മാറുംമുന്പ് അടുത്ത ഓവറിൽ വില്യംസണും മടങ്ങിയതോടെ കീവികൾ പ്രതിരോധത്തിലായി. തുടർന്നാണ് ഏലിയട്ടും ടെയ്‌ലറും രക്ഷാപ്രവർത്തനം തുടങ്ങിയത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 111 റൺസ് ചേർത്തു. മുപ്പത്തിയഞ്ചാം ഓവറിൽ ടീം സ്കോർ 150ൽ നിൽക്കെ ടെയ്ലറെ ഹാഡിന്റെ കൈകളിലെത്തിച്ച് ഫോക്നർ ഈ കൂട്ടുകെട്ട് പിരിച്ചു. പിന്നാലെ വന്ന കോറി ആൻഡേഴ്സൻ (0), ലൂക്ക് റോഞ്ചി (0)എന്നിവർ പുറത്തായതോടെ ന്യൂസിലാൻഡ് വീണ്ടും തകർച്ചയിലേക്ക് വീണു. അവസാന ഏഴു വിക്കറ്റുകൾ വെറും 33 റൺസിനിടെ നഷ്ടമായ ന്യൂസിലൻഡ് 183 റൺസിൽ ഒതുങ്ങുകയായിരുന്നു. നാലു ബാറ്റ്സ്‌ന്മാർ പൂജ്യത്തിന് പുറത്തായി. (മനോജ്‌)

Add a Comment

Your email address will not be published. Required fields are marked *