അഗതികളുടെ അമ്മ ഇനി അള്‍ത്താരയില്‍

വത്തിക്കാന്‍: കൊല്‍ക്കൊത്തയിലെ തെരുവുകളില്‍ ദരിദ്രരുടെയും രോഗികളുടെയും കണ്ണീരൊപ്പി കടന്നുപോയ മദര്‍ തെരേസയെ ഇനി അള്‍ത്താരയില്‍ ലോകം വണങ്ങും. മദര്‍ തെരേസയെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി. ‘കൊല്‍ക്കൊത്തയിലെ വിശുദ്ധ തെരേസ’ എന്ന പേരില്‍ മദര്‍ ഇനി സഭയില്‍ തിളങ്ങും. സ്വന്തം ജീവിതം കൊണ്ട് ലോകത്തിനു കാരുണ്യത്തിന്റെ മാതൃകയായ അമ്മയെ ‘കരുണയുടെ വര്‍ഷ’ത്തില്‍ തന്നെയാണ് സഭ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നത്.

വിശുദ്ധ ബലിയുടെ മധ്യേ വിശുദ്ധ സംഘത്തിന്റെ അധ്യക്ഷനായ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോയുടെ അഭ്യര്‍ത്ഥന സ്വീകരിച്ചാണ് പരിശുദ്ധ പിതാവ് മദറിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്. ”പരിശുദ്ധവും അവിഭക്തവുമായ ത്രിത്വത്തിന്റെ മഹത്വത്തിനു വേണ്ടിയും കത്തോലിക്കാ വിശ്വാസത്തിന്റെ ഉയര്‍ച്ചയ്ക്കും ക്രിസ്തീയ ജീവിതത്തിന്റെ വര്‍ധനവിനും ക്രിസ്തുവിന്റെ അധികാരത്തില്‍ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും എന്നെ ഭരമേല്പിച്ച അധികാരത്താലും എന്റെ പ്രാര്‍ത്ഥനയില്‍ ലഭ്യമായ എല്ലാ സഹായത്തിലും സഹോദരരായ മെത്രാന്മാരോടു നടത്തിയ അന്വേഷണത്തിനും ശേഷം മദര്‍ തെരേസയെ ‘കൊല്‍ക്കൊത്തയിലെ വിശുദ്ധ തെരേസയായി’ ഉയര്‍ത്തുന്നു’വെന്ന് പിതാവ് പ്രഖ്യാപിച്ചു. മദര്‍ തെരേസയെ ലോകം മുഴുവന്‍ വണങ്ങുന്നതിനുള്ള അനുമതിയാണ് സാര്‍വ്വത്രിക സഭയ്ക്ക് പരിശുദ്ധ പിതാവ് നല്‍കിയത്.
തുടര്‍ന്ന് കൊല്‍ക്കൊത്തയിലെ വിശുദ്ധ തെരേസയുടെ തിരുശേഷിപ്പ് അള്‍ത്താരയിലേക്ക് ആനയിച്ചു. മിഷനറീസ് ഓഫ് ചാരിറ്റിയുടെ മദര്‍ സി.പ്രേമയും ഒരു സഹോദരിയും ചേര്‍ന്നാണ് ഭൗതികദേഹം അള്‍ത്താരയില്‍ എത്തിച്ചത്. തുടര്‍ന്ന് സഭയ്ക്ക് വേണ്ടി കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ മാര്‍പാപ്പയ്ക്ക് നന്ദി അറിയിച്ചു. പ്രഖ്യാപനം ഡിക്രിയായി നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും പിതാവ് അംഗീകരിക്കുകയും ചെയ്തതോടെ നാമകരണ ചടങ്ങ് അവസാനിച്ചു. വിശുദ്ധ ബലി തുടരുകയാണ്.
ഇന്ത്യന്‍ സമയം ഒന്നരയോടെ വിശുദ്ധ പദവി ചടങ്ങുകള്‍ ആരംഭിച്ചത്. ജപമാലയാണ് ആദ്യം ചൊല്ലിയത്. തുടര്‍ന്ന് ഗായകസംഘം പ്രവേശന ഗാനം ആലപിച്ചു. കരുണയുടെ വര്‍ഷത്തില്‍ പ്രത്യേകമായി തയ്യാറാക്കിയ ഗാനമാണ് ആലപിച്ചത്. ഗാനാലാപനത്തിന്റെ അന്ത്യത്തില്‍ മാര്‍പാപ്പ അള്‍ത്താരയിലേക്ക് പ്രവേശിച്ചു.
10.30 ഓടെ ബസിലിക്കയുടെ മുന്നില്‍ തയാറാക്കിയ പ്രത്യേക വേദിയില്‍ വിശുദ്ധ കുര്‍ബാന ആരംഭിച്ചു. കാരുണ്യ വര്‍ഷത്തിനു വേണ്ടി പ്രത്യേകം തയാറാക്കിയ പ്രവേശന ഗാനത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങുന്നത്. അല്‍ബേനിയ, ഫ്രഞ്ച്, ബംഗാളി, പോര്‍ച്ചുഗീസ്, ചൈനീസ് ഭാഷകളില്‍ മധ്യസ്ഥ പ്രാര്‍ത്ഥന ചൊല്ലി. തുടര്‍ന്ന് നടന്ന കുര്‍ബാന മധ്യേയായിരുന്നു വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന ചടങ്ങുകള്‍.
കുര്‍ബാന മധ്യേ മദര്‍ തെരേസയെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശദുധരുടെ നിരയിലേക്ക് പേര് വിളിച്ചു. ‘കൊല്‍ക്കൊത്തയിലെ വിശുദ്ധ തെരേസ’ എന്നായിരിക്കും മദര്‍ പിന്നീട് അറിയപ്പെടുക. സഭയില്‍ രണ്ട് വിശുദ്ധ തെരേസമാര്‍ വേറെയുള്ളതിനാലാണ് കൊല്‍ക്കൊത്തയിലെ തെരേസയായി അറിയപ്പെടാനുള്ള ഭാഗ്യം മദറിന് കൈവന്നത്.
ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ പത്തു ലക്ഷത്തോളം പേര്‍ വത്തിക്കാന്‍ നഗരത്തില്‍ എത്തിയിട്ടുണ്ടെന്ന് കണക്ക്. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കായി ഒരു ലക്ഷത്തോളം ഇരിപ്പിടങ്ങളും സജ്ജമാക്കി. ചടങ്ങുകള്‍ ആരംഭിക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് വിശ്വാസ ലക്ഷങ്ങള്‍ സെന്റ് പീറ്റേഴ്‌സ ബസിലിക്കയില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. 13 ലോകരാജ്യങ്ങളുടെ തലവന്മാര്‍ ചടങ്ങിനെത്തിയിട്ടുണ്ട്. അഗതികളുടെ അമ്മയായ മദറിനെ ‘കാരുണ്യ വര്‍ഷ’ത്തിന്റെ ഭാഗമായാണ് കത്തോലിക്കാ സഭ വിശുദ്ധയായി ഉയര്‍ത്തുന്നത്.

Add a Comment

Your email address will not be published. Required fields are marked *