അക്ഷരലക്ഷം; ജില്ലയില്‍ 7849 പേര് പരീക്ഷയെഴുതി
കൊല്ലം: പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും ചേര്‍ന്ന് നടത്തിയ അക്ഷരലക്ഷം പരീക്ഷ കൊല്ലം ജില്ലയില്‍ 7849 പേര് എഴുതി. ഇതില്‍ 6732 പേര് സ്ത്രീകളും 1117 പേര് പുരുഷന്മാരുമാണ്. ഉമ്മന്നൂര്‍ ചേക്കോട്ടുകോണം വിദ്യാകേന്ദ്രത്തിലെ 91കാരി മേരി മത്തായിയാണ് പരീക്ഷയെഴുതിയവരില്‍ ഏറ്റവും പ്രായംകൂടിയയാള്‍. കൊല്ലം കോര്‍പ്പറേഷനിലെ ഉളിയക്കോവില്‍ വിദ്യാകേന്ദ്രത്തിലെ 14വയസുള്ള മീനുവാണ് ഏറ്റവും പ്രായംകുറഞ്ഞ പഠിതാവ്. 812 കേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ 12 വരെയായിരുന്നു പരീക്ഷ. കൊല്ലം ജില്ലാ ജയിലില്‍ 23 പേര് പരീക്ഷയെഴുതി. ഇവിടെ മേയര്‍ ഹണി ബഞ്ചമിന് പരീക്ഷ ഉദ്ഘാടനംചെയ്തു. ഡെപ്യൂട്ടി മേയര്‍ എം. നൗഷാദ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിനി ഹരികുമാര്‍, സംസ്ഥാന സാക്ഷരതാ മിഷന് നിര്‍വ്വാഹക സമിതിയംഗം ഡോ. ഫെര്‍ഡിനാന്റ് കായാവില്‍, പ്രോഗ്രാം ഓഫീസര്‍ ഷറഫുദ്ദീന്, ജയില്‍ സൂപ്രണ്ട് ഹമീദ്, സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി. മുരുകദാസ്, സാക്ഷരതാ സമിതി അംഗം റോബര്‍ട്ട്, കോര്പ്പറേഷന് കോ-ഓര്‍ഡിനേറ്റര്‍ ജയചന്ദ്രന്, ഡി സരോജന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നഗസഭാ ചെയര്മാന്മാര്, മറ്റ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, അതുല്യം റിസോഴ്സ് പേഴ്സണ്‍മാര്‍, സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ പരീക്ഷയ്ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. അധ്യാപകര്‍, മുന്‍ അധ്യാപകര്‍, റിസോഴ്സ് പേഴ്സണ്‍മാര്‍, പ്രേരക്മാര്‍, അങ്കണവാടി ടീച്ചര്മാര്, അതുല്യം ഇന്‍സ്ട്രക്ടര്‍മാര്‍ തുടങ്ങിയവര്‍ പരീക്ഷയ്ക്ക് നേതൃത്വം നല്കി. സാക്ഷരതാ പരീക്ഷ പിന്നിട്ടവര്‍ക്ക് അതുല്യം പരീക്ഷയിലൂടെ നാലാംതരം യോഗ്യതനേടാന്‍ കഴിയും..